ARTICLES

Photo 51 and the forgotten legacy

History has long celebrated men as the faces of science, with Marie Curie standing as a rare and often singular exception. Science has too often silenced the very voices it should have celebrated – voices that history is only now beginning to cherish.

All the fame and respect Watson and Crick received in their lifetime was the effort of a woman who sacrificed her life for science. If her male co-worker had never shown the X-ray diffraction image of DNA ( photo- 51) she worked so hard on, it might have been Rosalind Franklin whom we would be learning about today as the discoverer of the double helix structure of DNA. She might have single-handedly won the Nobel Prize for the discovery that Watson and Crick are credited with. However, I highly doubt whether the Academy would have allowed Ms.Franklin to receive one, considering how it foul-played in denying Mileva Marić and initially overlooking Marie Curie.

The theory Einstein once tenderly called ‘our theory’ in personal letters to Mileva Marić was later claimed as solely ‘his theory’ in published papers and during Nobel Prize recognition — a quiet rewriting that history chose to overlook.It was solely due to the firm stance of Pierre Curie that Marie Curie received recognition for her hard work. If it hadn’t been for Pierre Curie, Marie might have been another Mileva Marić — waiting for some future historian to piece together the truth from personal diaries and forgotten letters.

The world has known its share of Pierre Curies, Gopalrao Joshis, and Jyotiba Phules — quiet allies who stood beside their brilliant other halves— but they have too often been outnumbered by the Einsteins and Darwins who let their brilliance eclipse the deserved to shine, often intentionally!



കുഗൻ

കൗതുകം നിറഞ്ഞ ഒരു പേര് – ‘കുഗൻ’- തീർത്തും അപരിചിതമായ ആ പേരിൽ ആണ് ആദ്യം കണ്ണുടക്കിയത്. ഇനി കുഗനിലേക്ക് എത്തിയ വഴി.

ശനിയും ഞായറും ഉൾപ്പെടെ നാല് ദിവസത്തെ പൂജാ അവധിക്ക് ഒരു യാത്രയായാലോ എന്ന ചിന്തയിൽ പല വിനോദസഞ്ചാര കേന്ദ്രങ്ങളും മനസ്സിൽ തെളിഞ്ഞു. ഞങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന തീർത്തും സൗകര്യപ്രദമായ ഒരു മലേഷ്യൻ ടൂർ പാക്കേജ് അങ്ങനെയാണ് ശ്രദ്ധയിൽപ്പെട്ടത്. അവധിക്ക് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഞങ്ങളുടെ മലേഷ്യൻ യാത്ര – വിസയും എയർ ടിക്കറ്റും ഉൾപ്പെടെ എല്ലാം ശരിയായി. ഞാനും ഭർത്താവും അങ്ങനെ മലേഷ്യൻ യാത്രയ്ക്ക് സജ്ജരായി. മലേഷ്യയിലെ ഞങ്ങളുടെ ടൂർ ഗൈഡും ഡ്രൈവറുമായ ആൾ – കുഗൻ . കുഗന്റെ ഫോൺ നമ്പർ ട്രാവൽ ഏജൻസിയിൽ നിന്നും ഞങ്ങൾക്ക് കിട്ടി. ‘കുഗൻ’ എന്ന പേര് എന്തുകൊണ്ടോ കണ്ണിലുടക്കി.

ക്വലാലംപൂർ എയർപോർട്ടിന് വെളിയിലായി ഞങ്ങളെ കാത്ത് നിറഞ്ഞ ചിരിയോടെ കുഗൻ ഉണ്ടായിരുന്നു. പേരിലെ കൗതുകത്തിൽ അവസാനിക്കുന്നതായിരുന്നില്ല കുഗൻ എന്ന മനുഷ്യൻ. കാഴ്ചയിലും സംസാരത്തിലും എല്ലാം വൈവിധ്യങ്ങളുടെ മഴവിൽ അഴകായിരുന്നു കുഗന്.

തമിഴ് വംശജനായ അച്ഛന്റെയും ചൈനീസ് വംശജയായ അമ്മയുടെയും അഞ്ചുമക്കളിൽ നാലാമത്തെയാൾ . ദ്രവീഡിയൻ ശരീരഘടനയും നിറവുമുള്ള കുഗന്റെ മംഗളോയിഡ് മുഖം കാഴ്ചയിലും അയാളെ വ്യത്യസ്തനാക്കി. തമിഴും ചൈനീസും മലയ് ഭാഷയും അനായാസേന സംസാരിക്കുന്ന, ഭാഷയുടെ അടിസ്ഥാന ലക്ഷ്യം ആശയവിനിമയമാണെന്ന തികഞ്ഞ ബോധ്യത്തോടെ സങ്കോചം ഏതുമില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്ന , ടൂറിസ്റ്റുകളുമായുള്ള നിരന്തരസമ്പർക്കത്തിലൂടെ അത്യാവശ്യം അറബിഭാഷയും കൈകാര്യം ചെയ്യുന്ന ബഹുഭാഷിയായ മനുഷ്യൻ. പൂവിൽ നിന്നും പൂവിലേക്ക് പാറി നടക്കുന്ന പൂമ്പാറ്റയെ പോൽ , അത്രമേൽ ആയാസരഹിതമായി , ഭാഷകളിൽ നിന്നും ഭാഷകളിലേക്ക് സഞ്ചരിക്കുന്ന കുഗനെ എന്നിലെ ഭാഷാധ്യാപിക തെല്ലൊരു അസൂയയോടെയും ആദരവോടെയും ആണ് കണ്ടത്.

തീർത്തും സൗഹൃദപരമായ പെരുമാറ്റവും സംസാരവും . മലേഷ്യയുടെയും ക്വലാലം പൂരിന്റെയും സമഗ്ര ചിത്രം കുഗന്റെ വാക്കുകളിലൂടെ ഞങ്ങളിലേക്ക് എത്തി. ചരിത്രം, ഭൂമിശാസ്ത്രം, മതം ,മനുഷ്യർ , ഭക്ഷണരീതികൾ ,സംസ്കാരം , ടൂറിസം – കുഗന്റെ സംസാരത്തിൽ കടന്നു വരാത്ത വിഷയങ്ങൾ കുറവായിരുന്നു. വിവിധ ഭാഷകളുടെ സ്വാധീനമുള്ള കുഗന്റെ ഇംഗ്ലീഷ് ഉച്ചാരണം നന്നായി ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂവെങ്കിലും അയാളുടെ ഓരോ വാക്കും അതീവ ശ്രദ്ധയോടെയാണ് ഞാൻ കേട്ടിരുന്നത്. കേൾവിക്കാരെ പിടിച്ചിരുത്തുന്ന എന്തോ ഒരു ഘടകം കുഗന്റെ ഭാഷയ്ക്ക് ഉണ്ടായിരുന്നു. ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ , താളം , ഇടയ്ക്കിടെയുള്ള പൊട്ടിച്ചിരി , തലയുടെ ,കൈയുടെ ചലനങ്ങൾ ,അവിടെയായി ഉപയോഗിക്കുന്ന തമിഴ് വാക്കുകൾ – എന്നിലെ കേൾവിക്കാരി ആ സംസാരത്തെ ആഘോഷമാക്കി.

ഹിന്ദു വിശ്വാസവും , തമിഴ് ഭാഷയും ഭക്ഷണരീതികളും പിന്തുടരുന്ന , മധുരയിൽ കുടുംബ വേരുകൾ ഉള്ള , രജനീകാന്ത് പടങ്ങളുടെ തികഞ്ഞ ആരാധകനായ , തമിഴ് സിനിമ പാട്ടുകൾ മൂളുന്ന, അമീർഖാൻ സിനിമകൾ ഇഷ്ടപ്പെടുന്ന ,ദൃശ്യം 2 കണ്ടിട്ടുള്ള, ചൈനീസ് കണ്ണുകളും മുഖവുമുള്ള മലേഷ്യക്കാരൻ ആയ കുഗൻ. 37 വയസ്സുള്ള കുഗന് 5 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയും അഞ്ചുമാസം പ്രായമുള്ള ഒരു ആൺകുട്ടിയും ഉണ്ട് . കല്യാണത്തിന് മുൻപ് വരെ എല്ലാ രജനീകാന്ത് പടങ്ങളും കൃത്യമായി കണ്ടിരുന്ന , ഒരു കട്ട രജനി ഫാനായ കുഗൻ , ജെന്റിങ് ഹൈലാൻഡ് സിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ പറഞ്ഞുവെച്ച ഒരു കാര്യം ഇപ്പോഴും ഉള്ളിൽ കൊത്തിവലിക്കുന്നുണ്ട്.

രജനീകാന്തിന്റെ സ്റ്റൈലിൽ ആരാധന മൂത്ത് തുടങ്ങിയതാണ് കുഗന്റെ പുകവലി ശീലം. ഒരു സിനിമാതാരത്തോടുള്ള കടുത്ത ആരാധനയിൽ ആ താരത്തിന്റെ ശൈലിയെ അനുകരിക്കാൻ വേണ്ടി മാത്രം തുടങ്ങിയ ഒരു ശീലം, ഇന്ന് ഭാര്യയുമായി ഏറ്റവും അധികം വഴക്കിടുന്നതും ഈ പുകവലിയുടെ പേരിലാണ്. ആരാധനാമൂർത്തിയായ സിനിമാതാരത്തെ അനുകരിച്ച് വെറും കൗതുകത്തിന് തുടങ്ങിയ പുകവലി ശീലം രജനീകാന്ത് നേരിട്ട് വന്ന് പറഞ്ഞാലും ഇനി മാറ്റാനാവില്ല എന്ന് ആ മനുഷ്യൻ നെടുവീർപ്പെട്ടപ്പോൾ , ചില ശീലങ്ങളുടെ തടവിൽ നിന്ന് മനസ്സ് എത്ര ആഗ്രഹിച്ചാലും പുറത്തുവരാൻ ആവാത്ത നിസ്സഹായരായ ഒരുപാട് മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങൾ എന്നെ അസ്വസ്ഥയാക്കി.

അത് പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടാവണം- കുഗൻ വിഷയം മാറ്റി. ” ഹണിമൂൺ ഒക്കെ എങ്ങനെയുണ്ട് സാറേ” എന്ന കുഗന്റെ ചോദ്യം കേട്ട് അറിയാതെ ഞങ്ങൾ രണ്ടുപേരും ചിരിച്ചു. ഒന്നിച്ചുള്ള എല്ലാ ദൂര യാത്രകളെയും ഹണിമൂൺ എന്ന് വിളിക്കാമെങ്കിൽ ഞങ്ങളുടെ എട്ടാമത്തെയോ പത്താമത്തെയോ ഹണിമൂൺ ആയിരിക്കും ഇത്. ഞങ്ങൾക്ക് അഞ്ചു വയസ്സും മൂന്നു വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ചെറിയ ഒരു ആശ്ചര്യം കുഗന്റെ മുഖത്ത് കണ്ടു. എങ്കിലും പുതിയ ഒരു വിഷയം കിട്ടിയ സന്തോഷത്തിൽ കുഗൻ സംസാരം തുടർന്നു. ഇന്ത്യയിലേക്ക് – തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള കുഗന്റെ ഹണിമൂണിനെ കുറിച്ചായി പിന്നെ സംസാരം. ആലപ്പുഴയും ഹൗസ് ബോട്ടും കായൽ ഓളങ്ങളും എല്ലാം കുഗന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. കേരളത്തെക്കുറിച്ചും ആലപ്പുഴയെ കുറിച്ചും ഒക്കെ പറയാൻ നൂറു നാവായിരുന്നു കുഗന്. നാവിൻതുമ്പിൽ ഇപ്പോഴും ഊറുന്ന കരിമീൻ പൊള്ളിച്ചതിന്റെ രുചിയെ വർണ്ണിക്കാനാവാതെ കുഗൻ വിഷമിച്ചു. വർഷങ്ങൾക്കിപ്പുറവും ആ കരിമീൻ രുചിയെ അയാൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുകയാണ്.

കല്യാണശേഷം ജീവിതത്തിൽ വന്ന അച്ചടക്കത്തെക്കുറിച്ചും കുഗൻ വാചാലനായി . നന്നായി ജോലി ചെയ്യുകയും കിട്ടുന്ന പണം മുഴുവൻ ചെലവാക്കുകയും ചെയ്തിരുന്ന ബാച്ചിലർ ലൈഫ്. കല്യാണശേഷം സമയക്രമം കൃത്യമായി പാലിക്കുന്ന ഒരു ജോലിയിലേക്ക് മാറുകയും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുകയും ചെയ്ത കുഗൻ സാമ്പത്തിക കാര്യങ്ങളിലും പിന്നീട് കൃത്യമായ അച്ചടക്കം പാലിച്ചു പോന്നു. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഒരു തുകയും അനാവശ്യമായി ചെലവഴിക്കാത്ത വ്യക്തിയായി കുഗൻ മാറി. 25 വയസ്സിലെ ജീവിതവീക്ഷണവും ചിന്താഗതിയും 30 വയസ്സിലേക്ക് എത്തിയപ്പോഴേക്കും സമൂല മാറ്റങ്ങൾക്ക് വിധേയമായി. ജീവിതത്തെ ,ലോകത്തെ ,മനുഷ്യരെ ,മതത്തെ ,സമ്പത്തിനെ , കുടുംബബന്ധങ്ങളെ ഒക്കെ എത്ര പക്വമായ രീതിയിലാണ് ആ മനുഷ്യൻ നോക്കിക്കാണുന്നത്! അനുഭവങ്ങളിൽ നിന്നും പാളിച്ചകളിൽ നിന്നും പഠിക്കാൻ തയ്യാറുള്ളവർക്ക് ജീവിതത്തെക്കാൾ മെച്ചപ്പെട്ട ഒരു ഗുരുവില്ലെന്ന ചിന്ത എന്നിൽ കൂടുതൽ ആഴത്തിൽ വേരൂന്നി.

മൂന്ന് ദിവസത്തെ മലേഷ്യൻ യാത്രയ്ക്ക് ശേഷം അംബരചുംബികളുടെ നഗരമായ ക്വലാലമ്പൂരിനോട് വിട പറയുമ്പോൾ KL ടവറിനേക്കാളും, പെട്രോണസ് ട്വിൻ ടവറിനേക്കാളും , 118 നിലകളുള്ള, 2227 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ മെർഡേക്ക ടവറിനേക്കാളും തലപ്പൊക്കം എന്റെ മനസിൽ കുഗനായിരുന്നു!

(പ്രസ്തുത ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത് Venmashi.wordpress.com-ൽ ആണ്.)